രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്ട്രേലിയക്കാരുടെ വിദേശയാത്രകൾ വീണ്ടും സജീവമാകുകയാണ്.
ഈ വർഷം മാർച്ച് മുതൽ ഓരോ മാസവും വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ.
സെപ്റ്റംബർ മാസത്തിൽ മാത്രം 10,40,550 പേർ ഓസ്ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് പോയി.
73 ശതമാനം ഓസ്ട്രേലിയക്കാരും ഈ ഡിസംബറിനും ഫെബ്രുവരിക്കുമിടയിൽ യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തു എന്നാണ് കണക്കുകൾ. അതിൽ നല്ലൊരു ഭാഗവും വിദേശയാത്രയാണ്.
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ജന്മനാട്ടിലേക്ക് അവധിക്കാല യാത്ര പോകുന്ന ഒട്ടേറെ മലയാളികളും ഇക്കൂട്ടത്തിലുണ്ട്. അത്തരം യാത്രകളിൽ കുടുംബാംഗങ്ങൾക്കായി സമ്മാനങ്ങളും, വീട്ടുപകരണങ്ങളുമൊക്കെ മിക്കവരും കൊണ്ടുപോകാറുണ്ട്.
വിദേശത്തേക്ക് കൊണ്ടുപോകാനായി വാങ്ങുന്ന പല സാധനങ്ങളുടെയും ചരക്ക് സേവന നികുതി തിരികെ നൽകുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്കീം (TRS).
അതായത്, ഉത്പന്നങ്ങളുടെ വിലയുടെ 10 ശതമാനം വിമാനത്താവളത്തിൽ നിന്ന് നിങ്ങൾക്ക് തിരികെ ലഭിക്കും.
യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 60 ദിവസങ്ങളിൽ വാങ്ങുന്ന ഉത്പന്നങ്ങൾക്കാണ് റീഫണ്ട് കിട്ടുന്നത്.
എങ്ങനെയാണ് റീഫണ്ട് കിട്ടുക?
ഓസ്ട്രേലിയൻ റെസിഡന്റ്സും സന്ദർശകരുമുൾപ്പെടെ എല്ലാവർക്കും ഇത് ലഭ്യമാണ്. എന്നാൽ വിമാനങ്ങളിലെയും, കപ്പലുകളിലെയും ജീവനക്കാർക്ക് റീഫണ്ട് സ്കീം ബാധകമല്ല.
ഓസ്ട്രേലിയയിൽ വാങ്ങിയ ശേഷം വിദേശത്ത് ഉപയോഗിക്കാനായി കൊണ്ടുപോകുന്ന സാധനങ്ങൾക്കാണ് റീഫണ്ട് ലഭിക്കുക.
Source: Flickr
അതായത്, വിദേശത്തുപോയി തിരിച്ചുവരുമ്പോൾ കൂടെ കൊണ്ടുവരുന്ന ഉത്പന്നങ്ങൾക്ക് റീഫണ്ട് കിട്ടില്ല.
മറ്റ് നിബന്ധനകൾ ഇവയാണ്:
- നിങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തിലോ കപ്പലിലോ കൊണ്ടുപോകുന്ന ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും ഇത് ലഭ്യം.
- ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇത് വിമാന ക്യാബിനിൽ കൊണ്ടുപോകാൻ തയ്യാറാകണം (ചെക്ക് ഇൻ ബാഗേജായി).
- യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 60 ദിവസങ്ങളിൽ വാങ്ങിയ ഉത്പന്നങ്ങളായിരിക്കണം അവ. ഒറ്റ കടയിൽ നിന്ന് (ഒരേ ABN നമ്പർ) കുറഞ്ഞത് 300 ഡോളറിന്റെ സാധനം വാങ്ങിയിരിക്കണം.
- വാങ്ങിയ തീയതിയും, വിൽപ്പനക്കാരുടെ പേരും, ABNഉം എല്ലാം വ്യക്തമാക്കുന്ന ടാക്സ് ഇൻവോയിസും ഉണ്ടായിരിക്കണം
- 1,000 ഡോളറിൽ കൂടുതൽ വിലയുള്ള സാധനമാണെങ്കിൽ നിങ്ങളുടെ പേര് ഉൾപ്പെടുത്തിയാകണം ഇൻവോയിസ്. യാത്ര ചെയ്യുന്ന ആളുടെ പേരിലാണെങ്കിൽ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളൂ.
പരാവമധി എത്ര തുകയും ഉത്പന്ങ്ങൾക്ക് റീഫണ്ട് നൽകും എന്ന കാര്യം ബോർഡർ ഫോഴ്സും നികുതി വകപ്പും വ്യക്തമാക്കുന്നില്ല.
എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും TRS പദ്ധതിക്കായി പ്രത്യേക കൗണ്ടറുണ്ട്.
യാത്ര ചെയ്യുന്ന ദിവസം വിമാനത്തിൽ ചെക്കിൻ ചെയ്ത ശേഷം ബോർഡിംഗ് പാസും, പാസ്പോർട്ടും, ഒറിജിനൽ ഇൻവോയിസുമായി ഈ കൗണ്ടറിൽ പോയി റീഫണ്ട് ലഭ്യമാക്കാം.
കൗണ്ടറിൽ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നേക്കാമെന്നും, അതിനാൽ മതിയായ സമയം കണക്കിലെടുത്ത് വേണം അവിടേക്ക് എത്താനെന്നുമാണ് ബോർഡർ ഫോഴ്സ് അധികൃതർ നിർദ്ദേശിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വഴിയോ, ചെക്കായോ ആകും റീഫണ്ട് ലഭിക്കുക. പണമായി ഇത് ലഭിക്കില്ല.
എന്തൊക്കെ ഉത്പന്നങ്ങൾക്ക് റീഫണ്ട് ലഭിക്കും?
നിങ്ങൾക്കൊപ്പം വിമാനത്തിൽ കൊണ്ടുപോകാവുന്ന നിരവധി ഉത്പന്നങ്ങൾക്ക് റീഫണ്ട് ലഭിക്കും എന്നാണ് ബോർഡർ ഫോഴ്സ് വ്യക്തമാക്കുന്നത്.
വസ്ത്രങ്ങളോ, ഇലക്ട്രോണിക്സ് ഉപകരണങ്ങളോ, കളിപ്പാട്ടങ്ങളോ ഒക്കെയാണെങ്കിൽ അത് ഉപയോഗിച്ച ശേഷം വിദേശത്തേക്ക് കൊണ്ടുപോയാലും റീഫണ്ട് ലഭ്യമാണ്.
എന്നാൽ ഭക്ഷണവസ്തുക്കൾ, പെർഫ്യൂം തുടങ്ങിയവ ഓസ്ട്രേലിയയിൽ വച്ച് ഉപയോഗിച്ച് തുടങ്ങിയാൽ റീഫണ്ട് ലഭിക്കില്ല.
പുകയില ഉത്പന്നങ്ങൾക്കോ, വൈൻ ഒഴികെയുള്ള മദ്യത്തിനോ, വിമാനത്തിൽ അനുവദിക്കാത്ത ഗ്യാസ് സിലിണ്ടർ പോലുള്ളവയ്ക്കോ റീഫണ്ട് കിട്ടില്ല.
GST രഹിത ഉത്പന്നങ്ങളായ ബേബി ഫുഡ്, മരുന്നുകൾ, പ്രിസ്ക്രിപ്ഷൻ ലെൻസ് തുടങ്ങിയവയുമൊന്നും റീഫണ്ടിന് അർഹമല്ല.
അതുപോലെ, നിങ്ങൾ യാത്ര പുറപ്പെട്ട ശേഷം പിന്നീട് റീഫണ്ടിന് അപേക്ഷിക്കാനുംകഴിയില്ല. അതായത്, യാത്ര ചെയ്യുന്ന ദിവസം, അതിനു മുമ്പുള്ള ഏതാനും മണിക്കൂറുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യം.
മാത്രമല്ല, റീഫണ്ട് ലഭിച്ച ഏതെങ്കിലും ഉത്പന്നങ്ങൾ തിരികെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവന്നാൽ അക്കാര്യം അറിയിക്കുകയും, പണം തിരിച്ചു നൽകുകയും വേണം.
ഈ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ