ഓസ്ട്രേലിയയിലേക്കുള്ള മലയാളികളുടെ സജീവ കുടിയേറ്റം തുടങ്ങുന്നത് 1960കൾ മുതലാണ്.
വൈറ്റ് ഓസ്ട്രേലിയ പോളിസിയുടെ കാലത്തും, ആഫ്രിക്കൻ രാജ്യങ്ങൾ വഴിയും, കിഴക്കനേഷ്യൻ രാജ്യങ്ങൾ വഴിയുമൊക്കെ പല മലയാളികളും ഇവിടെയെത്തി.
എന്നാൽ, മലയാളഭാഷയെക്കുറിച്ച് കുറഞ്ഞത് ഒന്നര നൂറ്റാണ്ട് മുമ്പെങ്കിലും ഓസ്ട്രേലിയക്കാർ കേട്ടു തുടങ്ങിയിട്ടുണ്ട്.
മലയാളഭാഷയെക്കുറിച്ചും, സാഹിത്യത്തെക്കുറിച്ചും, മലയാളനാട്ടിലെ ജീവിതത്തെക്കുറിച്ചുമൊക്കെ ഓസ്ട്രേലിയൻ പത്രങ്ങളിലും, മാഗസിനുകളിലും, ജേർണലുകളിലുമൊക്കെ 1800കളിൽ തന്നെ പരാമർശിച്ചിരുന്നു എന്നാണ് ഓസ്ട്രേലിയൻ നാഷണൽ ലൈബ്രറിയിലെ രേഖകൾ വ്യക്തമാക്കുന്നത്.
എഡിറ്റർക്കൊരു കത്ത്
നാഷണൽ ലൈബ്രററിയിലെ ശേഖരങ്ങൾ പ്രകാരം, ഒരു ഓസ്ട്രേലിയൻ മാധ്യമത്തിൽ ആദ്യമായി മലയാളഭാഷയെക്കുറിച്ച് പരാമർശമുള്ളത് 1851ലാണ്.
സിഡ്നിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന എംപയർ എന്ന പത്രത്തിലാണ് ഈ പരാമർശം.
തദ്ദേശീയനായ ചെറുപ്പക്കാരൻ (A Native Youth) എന്ന പേരിൽ എഡിറ്റർക്ക് കത്തയച്ച ഒരാളാണ് സംസ്കൃതം, ഹിന്ദുസ്ഥാനി, അറബിക് തുടങ്ങിയ ഭാഷകൾക്കൊപ്പം മലയാളത്തെയും പരാമർശിച്ചിരിക്കുന്നത്.
Empire (Sydney, NSW : 1850 - 1875), Saturday 5 April 1851, page 2 Credit: National Library of Australia
മലയാള സാഹിത്യത്തെക്കുറിച്ചും 140 വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ പരാമർശമുണ്ട്.
1883ൽ പെർത്തിൽ നിന്ന് പുറത്തിറങ്ങിയ ദ സ്റ്റാൻഡാർഡ് എന്ന പത്രത്തിലാണ് ഇത്.
ക്രിസ്തീയ പ്രബോധനഗ്രന്ഥമായ ജോസഫ് ബട്ട്ലറുടെ ‘അനാലജി’ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത കോട്ടയംകാരനായ റവറന്റ് കോശി കോശിയെക്കുറിച്ചുള്ള അഞ്ചുവരി വാർത്ത.
Standard, Perth, 1883 January 4 Credit: National Library of Australia
വിക്ടോറിയ മഹാറാണിയുടെ ജീവിതത്തെക്കുറിച്ച് തിരുവിതാംകൂറിലെ കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ കാവ്യം, 11 മലയാളകവികൾ ചേർന്ന് പരിഭാഷപ്പെടുത്തിയ വാർത്തയാണ് ഇത്.
ഡെയ്ലി ടെലിഗ്രാഫ് ഉൾപ്പെടെ ഓസ്ട്രേലിയയിലെ നിരവധി പ്രമുഖ പത്രങ്ങൾ ഈ വാർത്ത നൽകിയിട്ടുണ്ട്.
108 ശ്ലോകങ്ങളുള്ള ഈ കാവ്യം വിക്ടോറിയ രാജ്ഞിയുടെ കുട്ടിക്കാലം മുതലുള്ള ജീവിതം വിശദീകരിക്കുന്നുണ്ടെന്നും, യൂണിവേഴ്സിറ്റി പരീക്ഷകൾക്കുള്ള പാഠപുസ്തകമായി ഇത് മാറുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
The Daily Telegraph, 1891 October 29 Credit: National Library of Australia
“ഷോർട്ട്ഹാന്റ് ചിഹ്നങ്ങൾ പോലെ മലയാളം അക്ഷരം”
1901ൽ മെൽബൺകാർക്ക് മലയാളം അക്ഷരമാല കാണാനും അവസരം കിട്ടി.
മെൽബണിലെ ഗ്ലെൻഫെറിയിലുള്ള സെന്റ് ജോൺസ് സ്കൂളിൽ, വൈദികനായ റെവറന്റ് ജി ബക്കറിഡ്ജ് മലയാള അക്ഷരമാല പ്രദർശിപ്പിച്ചു.
ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങൾ വിശദീകരിക്കുന്ന പ്രസംഗത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
40ലക്ഷത്തിലേറെ പേർ സംസാരിക്കുന്ന മലയാളം, ഹിന്ദുസ്ഥാനിയുടെ ഒരു വകഭേദമാണ് എന്നാണ് ഈ വാർത്തയുടെ റിപ്പോർട്ടർ എഴുതിയിരിക്കുന്നത്.
മലയാളം അക്ഷരങ്ങൾ കണ്ടിട്ട് ഷോർട്ട്ഹാന്റ് ചിഹ്നങ്ങൾ പോലെയുണ്ടെന്നും റിപ്പോർട്ടർ വിശദീകരിക്കുന്നു.
സ്ത്രീകൾ വാഴുന്ന മലയാളനാട്
1927ൽ ഓസ്ട്രേലിയയിലെ വിവിധ പത്രങ്ങളിൽ തുടർച്ചയായി മലയാള നാടിനെപ്പറ്റി വാർത്തകൾ നിറഞ്ഞു.
‘സ്ത്രീകൾ വാഴുന്നു; അനിവാര്യമായ ഒരു വിപത്തായി പുരുഷനെ സഹിക്കുന്നു – മലയാളനാട്ടിലെ ജീവിതം’ഇതായിരുന്നു വിവിധ പത്രങ്ങളിൽ വന്ന തലക്കെട്ട്.
ബ്രിസ്ബൈനിലെ ഡെയ്ലി സ്റ്റാൻഡാർഡ്, NSWലെ മൈറ്റ്ലൈാന്റ് ഡെയ്ലി മെർക്കുറി, വാഗ വാഗയിലെ ഡെയ്ലി അഡ്വൈർടൈസർ തുടങ്ങി ഒരേ ഉടമസ്ഥതയിലുള്ള വിവിധ പത്രങ്ങളാണ് ഈ ലേഖനം നൽകിയത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേശമാണ് മലയാളനാട് എന്നാണ് ലേഖനം പറയുന്നത്. പൊതുവിൽ ഹിന്ദുമത വിശ്വാസികളുടെ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇവിടത്തെ രീതികൾ.
മലബാറിലെ ഹിന്ദു സിവിൽ നിയമങ്ങൾ പ്രകാരം, സ്വത്തവകാശം അച്ഛനിൽ നിന്ന് മകനിലേക്കല്ല, അമ്മയിൽ നിന്ന് മകളിലേക്കാണ് പകർന്നുനൽകുന്നത് എന്ന് റിപ്പോർട്ട് പറയുന്നു.
മലയാളനാട്ടിലെ ജീവിതത്തെക്കുറിച്ച് വിശദമായാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
Maitland Daily Mercury, 1927 May 12 Credit: National Library of Australia
കുടിയേറാൻ മലയാളം
ഓസ്ട്രേലിയൻ ചരിത്രരേഖകളിൽ മലയാളഭാഷയെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരാമർശങ്ങളിലൊന്ന് 1936ലാണ്.
ബ്രിസ്ബൈനിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ദ വർക്കർ എന്ന പത്രത്തിൽ, കുടിയേറ്റക്കാർക്ക് ഒരു ഉപദേശം എന്ന പേരിലായിരുന്നു ഈ റിപ്പോർട്ട്.
നിരവധി സമകാലിക ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയില്ലെങ്കിൽ ഓസ്ട്രേലിയയിലേക്ക് വരുന്ന കാര്യം ചിന്തിക്കുക പോലും ചെയ്യരുത്The Worker, Brisbane, 1936 Dec 29
ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, പോർച്ചുഗീസ്, ഗേലിക്, ഇറ്റാലിയൻ എന്നിവയിലെ പ്രാവീണ്യം കൂട്ടുക, ഒപ്പം, ഹിന്ദുസ്ഥാനി, ഉറുദു, തമിഴ്, തെലുങ്ക്, കാനറീസ്, മലയാളം എന്നിവയുമായുള്ള ബന്ധം പുതുക്കുക എന്നതാണ് റിപ്പോർട്ടിലെ ഉപദേശം.
ഓസ്ട്രേലിയൻ തീരത്ത് ഈ ഭാഷകളിൽ ഡിക്റ്റേഷൻ പരീക്ഷ പാസായാൽ മാത്രമേ ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്, മറ്റ് ഉപദേശങ്ങളും നൽകുന്നുണ്ട്.
Worker, Brisbane, 1936 Dec 29 Credit: National Library of Australia
ഫ്രഞ്ചും, ജർമ്മനും, സ്പാനിഷും പോലുള്ള യൂറോപ്യൻ ഭാഷകളിലായിരുന്നു ആ ഡിക്റ്റേഷൻ. കുടിയേറ്റകാര്യ ഉദ്യോഗസ്ഥൻ പറയുന്ന വാചകങ്ങൾ ഈ ഭാഷകളിൽ എഴുതാൻ കഴിയുന്നവർക്ക് മാത്രമായിരുന്നു രാജ്യത്തേക്ക് പ്രവേശനം.
ഇന്ത്യാക്കാരെയും മറ്റ് ഏഷ്യൻ വംശജരെയുമൊക്കെ കുടിയേറ്റത്തിൽ നിന്ന് ഒഴിവാക്കാനായിരുന്നു ഇത്തരത്തിൽ1901ലെ കുടിയേറ്റ നിയന്ത്രണ നിയമം കൊണ്ടുവന്നതും, ഡിക്റ്റേഷൻ ഉൾപ്പെടെയുള്ളവ നടപ്പാക്കിയതും.
എന്നാൽ ഓസ്ട്രേലിയയിൽ അതിനകം സ്ഥിരതാമസമാക്കിയിട്ടുള്ള ഇന്ത്യാക്കാർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാൻ 1921ൽ അനുമതി നൽകി.
ക്വീൻസ്ലാന്റേലിക്ക് എത്തുന്നവർക്ക് ഇന്ത്യൻ ഭാഷകളിൽ ഡിക്റ്റേഷൻ നിർബന്ധമായിരുന്നു.
അതിനാലാണ് മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ പഠിക്കാൻ ഇത്തരമൊരു നിർദ്ദേശം വന്നത്.