വിദ്യാഭ്യാസ ചെലവുകള്‍ക്കോ, ചികിത്സയ്‌ക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ മുഴുന്‍ തുകയ്ക്കും സ്രോതസില്‍ തന്നെ നികുതി (Tax Collected at Source - TCS) പിടിച്ചുവയ്ക്കാനാണ് ഇന്ത്യൻ സർക്കാരിന്റെ പുതിയ തീരുമാനം.
ഇന്ത്യന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ്, രാജ്യത്ത് നിന്ന് വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുമ്പോഴുള്ള നികുതി നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചത്.
PAN കാര്‍ഡ് ഹാജരാക്കുകയാണെങ്കില്‍ അയയ്ക്കുന്ന തുകയുടെ 20 ശതമാനവും, PAN കാര്‍ഡ് ഇല്ലെങ്കില്‍ 40 ശതമാനവും ഇത്തരത്തില്‍ പിടിച്ചുവയ്ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
Indian Finance Minister Nirmala Sitharaman speaks during the post budget press conference in New Delhi Source: EPA / HARISH TYAGI/EPA
വരുന്നത് കനത്ത വർദ്ധനവ്
ഇന്ത്യാക്കാര്‍ക്ക് വിദേശത്തേക്ക് പണമയ്ക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ലിബെറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) .
വിദേശത്തേക്ക് യാത്ര പോകുന്നതിനായോ, കുടിയേറ്റത്തിനോ, ബന്ധുക്കള്‍ക്ക് നല്‍കാനോ, ചികിത്സക്കോ, പഠനത്തിനോ ഒക്കെ വിദേശത്തേക്ക് പണമയയ്ക്കുന്നത് LRS പ്രകാരമാണ്.
നിലവിലെ നിയമപ്രകാരം, ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ സ്രോതസില്‍ നികുതി നല്‍കേണ്ടതില്ല.
ഏഴു ലക്ഷം രൂപയ്ക്ക് പുറമേയുള്ള തുകയ്ക്ക് അഞ്ചു ശതമാനം നികുതി സ്രോതസില്‍ പിടിച്ചുവയ്ക്കും എന്നാണ് നിലവിലെ വ്യവസ്ഥ.
എന്നാല്‍, പുതിയ ബജറ്റ് നിര്‍ദ്ദേശം അനുസരിച്ച് വിദ്യാഭ്യാസവും, ചികിത്സയും അല്ലാതെ മറ്റെന്ത് ആവശ്യത്തിന് വിദേശത്തേക്ക് പണമയച്ചാലും, അയക്കുന്ന ആകെ തുകയുടെ 20ശതമാനം പിടിച്ചുവയ്ക്കണം.
ഏഴു ലക്ഷം വരെയുള്ള തുകയ്ക്ക് TCS ഇളവ് നല്‍കിയിരുന്നത് സര്‍ക്കാര്‍ എടുത്തുമാറ്റി.
അതായത്, അയയ്ക്കുന്നത് എത്ര ചെറിയ തുകയാണെങ്കിലും അതിന്റെ 20 ശതമാനം നികുതിയായി കെട്ടിവയ്‌ക്കേണ്ടി വരും.
PAN കാര്‍ഡ് സമര്‍പ്പിച്ചില്ലെങ്കില്‍ കെട്ടിവയ്‌ക്കേണ്ട തുകയും കൂടും. 40 ശതമാനമാണ് TCS നല്‍കേണ്ടത്.
വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്ന ധനകാര്യ സ്ഥാപനമാണ് ഈ നികുതി പിടിച്ചുവയ്‌ക്കേണ്ടത്. ആ പണം സ്ഥാപനം സര്‍ക്കാരിലേക്ക് അടയ്ക്കണം.
എന്നാല്‍ വിദ്യാഭ്യാസത്തിനോ, ചികിത്സയ്‌ക്കോ ആണ് പണം അയയ്ക്കുന്നതെങ്കില്‍ നിയമത്തില്‍ മാറ്റമുണ്ടാകില്ല. ഏഴു ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് അഞ്ചു ശതമാനം TCS തന്നെയാകും തുടര്‍ന്നും നല്‍കേണ്ടി വരിക.
ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ ലോണെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ 0.5 ശതമാനം മാത്രമേ പിടിച്ചുവയ്ക്കൂ എന്ന നിലവിലെ വ്യവസ്ഥയും തുടരും
ആരെയൊക്കെ ബാധിക്കും?
വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്ന ഭൂരിഭാഗം സാഹചര്യങ്ങളിലും ഈ മാറ്റം ബാധകമാകും എന്ന് എക്സ് ട്രാവൽ മണി സി ഇ ഒ ജോർജ്ജ് സക്കറിയ ചൂണ്ടിക്കാട്ടി.
വിദേശത്തുള്ള ബന്ധുക്കള്‍ക്ക് പണമയയ്ക്കുകയോ, വസ്തു വാങ്ങുകയോ, ഓഹരി നിക്ഷേപം നടത്തുകയോ ചെയ്യുമ്പോഴെല്ലാം ഇത്തരത്തില്‍ 20 ശതമാനം TCS നല്‍കണം.
വിദേശത്തേക്ക് കുടിയേറുന്നവർ ജീവിതച്ചെലവിനായി ഒരു തുക കൈമാറ്റം ചെയ്താല്‍ അതിനും 20 ശതമാനം TCS നല്‍കേണ്ടി വരും.
ഓസ്‌ട്രേലിയയില്‍ വീടു വാങ്ങാനായി ഇന്ത്യയിലുള്ള അടുത്ത ബന്ധുക്കൾ പണം അയച്ചാലും ഇത് ബാധകമാകും.
അതുപോലെ, വിദേശത്ത് പഠിക്കുന്ന മക്കള്‍ക്ക് താമസത്തിനായോ, ജീവിതച്ചെലവിനായോ അച്ഛനമ്മമാര്‍ പണമടച്ചുകൊടുക്കുന്നെങ്കില്‍, അതിനും 20 ശതമാനം TCS നല്‍കണം.
ഉദാഹരണത്തിന്, ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഒരാള്‍ ഒരു ലക്ഷം രൂപ ഓസ്‌ട്രേലിയന്‍ ഡോളറായി കൈമാറ്റം ചെയ്യുകയാണെങ്കില്‍, 20,000 രൂപ TCS ഇനത്തില്‍ അധികം നല്‍കണം.
INDIA - 2020/09/02: In this photo illustration five hundred rupee notes are seen with coins and fifty rupee notes Source: LightRocket / SOPA Images/LightRocket via Getty Images
വിദേശയാത്ര പോകുന്നവരും ഇത്തരത്തിൽ യാത്രാച്ചെലവിന്റെ 20 ശതമാനം തുക കെട്ടിവയ്ക്കേണ്ടി വരുമെന്ന് ജോർജ്ജ് സക്കറിയ പറഞ്ഞു.
അതിന്റെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കുന്നത് കേൾക്കാം.
LISTEN TO
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ ഇനിമുതൽ 20% കെട്ടിവയ്ക്കണം: പ്രവാസികളെയും വിദ്യാർത്ഥികളെയും ബാധിക്കും
SBS Malayalam
10/02/202309:46
പണം എങ്ങനെ തിരികെ കിട്ടും?
ഇത്തരത്തില്‍ പിടിച്ചുവയ്ക്കുന്ന തുക ടാക്‌സ് ക്രെഡിറ്റായാണ് മാറ്റുക.
അതായത്, പണമയയ്ക്കുന്ന വ്യക്തി ഇത്രയും ആദായനികുതി മുന്‍കൂര്‍ അടച്ചതായി കണക്കാക്കും.
സാമ്പത്തിക വര്‍ഷാവസാനം ആ വ്യക്തി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ക്രെഡിറ്റ് കണക്കിലെടുക്കും. ആദായനികുതി അടയ്ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷമാകും ബാക്കി തുക തിരികെ നല്കുക. ആദായനികുതി TCSനെക്കാള്‍ കുറവാണെങ്കില്‍, പിടിച്ചുവച്ചിട്ടുള്ള തുക പൂര്‍ണമായും തിരികെ കിട്ടും.
എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ വിദേശത്തേക്ക് പണമയയ്ക്കുകയോ, യാത്രാ പാക്കേജ് എടുക്കുകയോ ചെയ്യുന്നവർ 20 ശതമാനം അധികം ഫണ്ട് കണ്ടെത്തേണ്ടിയും, ഇത് തിരികെ കിട്ടാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടിയും വരും.
ഓസ്ട്രേലിയയെക്കുറിച്ച് മലയാളികൾ അറിയേണ്ട എല്ലാ വിശേഷങ്ങൾക്കും -