ഓസ്ട്രേലിയയിൽ എവിടെ നോക്കിയാലും പലിശ നിരക്കിലുണ്ടായ വർദ്ധനവാണ് ചർച്ചാ വിഷയം.
തിരിച്ചടവ് എത്ര കൂടും, തിരിച്ചടവ് മുടങ്ങുമോ തുടങ്ങിയ ആശങ്കകളാണ് പലർക്കുമുള്ളത്. കാരണം തുടർച്ചയായ ഒൻപതാം തവണയാണ് ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് ഉയർത്തിയിരിക്കുന്നത്.
പണപ്പെരുപ്പം പിടിച്ച് നിറുത്തുന്നതിനായി ക്യാഷ് റേറ്റ് ഇനിയും കൂട്ടുമെന്ന് പല സാമ്പത്തിക വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
എന്താണ് ക്യാഷ് റേറ്റ്
ഇന്ത്യയില്‍ റിപ്പോ നിരക്ക് എന്ന് അറിയപ്പെടുന്ന അടിസ്ഥാന പലിശനിരക്കാണ് ഓസ്‌ട്രേലിയയിലെ ക്യാഷ് റേറ്റ്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് പണം നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് ഇത്.
റിസർവ്വ് ബാങ്ക് ക്യാഷ് റേറ്റ് (റിപ്പോ നിരക്ക്) വർദ്ധിപ്പിച്ചാൽ വാണിജ്യ ബാങ്കുകൾ സ്വാഭാവികമായും അവരുടെ വായ്പാ പലിശ നിരക്കും ഉയർത്തും. കാരണം, മിക്ക ബാങ്കുകളുടെയും, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും വായ്പാ നിരക്കുകൾ റിസർവ്വ് ബാങ്കിൻറെ ക്യാഷ് റേറ്റിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
കൊവിഡിനെ തുടർന്ന് താഴ്ത്തി 0.10 ശതമാനത്തിലെത്തിച്ചിരുന്ന ക്യാഷ് റേറ്റാണ് ഇപ്പോൾ തുടർച്ചയായ വർദ്ധനവിലൂടെ 3.35 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.
ക്യാഷ് റേറ്റ് വർദ്ധനവിൻറെ ബാധ്യത ബാങ്കുകൾ ഏറ്റെടുക്കില്ല. അതുകൊണ്ട് തന്നെ ക്യാഷ് റേറ്റ് 3.35 ശതമാനത്തിലെത്തിയതോടെ വേരിയബിൾ ലോൺ നിരക്കുകൾ 6 ശതമാനത്തിലേക്ക് കുതിച്ചുയർന്നുവെന്നാണ് റിപ്പോർട്ടുകൾ.
പലിശയുടെ ചരിത്രം
1990ന് ശേഷമുള്ള 33 വർഷത്തെ കണക്കുകളാണ് ഓസ്ട്രേലിയൻ റിസർവ്വ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്.
1990 ജനുവരിയിൽ ഓസ്ട്രേലിയയിൽ ക്യാഷ്റേറ്റ് നിരക്ക് 17 നും 17.5 ശതമാനത്തിനും ഇടയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവിടെ നിന്ന് കുറയാൻ തുടങ്ങിയ ക്യാഷ് റേറ്റ് 1993 ജൂലൈ മാസത്തോടെ 4.75% ലെത്തി.
അതിന് ശേഷം ഏറ്റവുമധികം വർദ്ധനവ് ഉണ്ടായിരിക്കുന്നത് ഇപ്പോഴാണ്.
2011 മുതൽ കുറഞ്ഞു തുടങ്ങിയ ക്യാഷ്റേറ്റ് 2020 ൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.10ശതമാനത്തിലെത്തി.
കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക നടപടികളാണ് ക്യാഷ് റേറ്റ് കുറയുവാൻ കാരണമായത്.
പണപ്പെരുപ്പം പിടിച്ച് നിറുത്തുന്നതിനായി 2022 മെയ്മാസത്തിൽ RBA ക്യാഷ്റേറ്റ് വർധിപ്പിക്കാൻ ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ ഒൻപത് മാസങ്ങളിൽ ക്യാഷ് റേറ്റിൽ വർദ്ധനവ് വരുത്തി.
നിലവിൽ ക്യാഷ്റേറ്റ് നിരക്ക് 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുകയാണ്, 3.35%.
പലിശയിൽ തകരുന്ന ഭവന വിപണി
പലിശ നിരക്ക് വർദ്ധിച്ച് തുടങ്ങിയതോടെ രാജ്യത്തെ മിക്ക നഗരങ്ങളിലെയും വീട് വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 2022-ൽ രാജ്യത്തെ ഭവന വിലയിൽ 2.3% ഇടിവാണ് രേഖപ്പെടുത്തിയത്.
കുതിച്ചുയരുന്ന പലിശ നിരക്ക് രാജ്യത്തെ മൂന്ന് നഗരങ്ങളിലെ ഭവന വിലയിൽ ഈ വർഷവും കുറവുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.
2023ൽ സിഡ്‌നി, ബ്രിസ്‌ബേൻ, കാൻബെറ എന്നീ നഗരങ്ങളിലെ വീടുകളുടെ മൂല്യം 8 മുതൽ 11 ശതമാനം വരെ കുറയുമെന്ന് പ്രോപ്‌ട്രാക്കിൻറെ അവലോകന റിപ്പോർട്ടിൽ പറയുന്നു.
ക്യാഷ് റേറ്റിൽ വരുത്തുന്ന വർദ്ധനവ് ഉപഭോക്താക്കളുടെ വായ്പാ ശേഷിയിൽ 30 ശതമാനത്തോളം കുറവിന് ഇടയാക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.