കൊവിഡ് കാലത്തുള്ള നയങ്ങളും അതിർത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യൻ മേഖലയിലെ സ്വാധീനം കുറഞ്ഞതായി ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സ്.
ഏഷ്യൻ മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക രംഗത്തും ചൈനയെ മറികടന്നാണ് അമേരിക്ക ഭൂരിഭാഗം മേഖലകളിലും ഏറ്റവും വലിയ സ്വാധീന ശക്തിയായത്.
133 ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 26 രാജ്യങ്ങളുടെ ഏഷ്യയിലെ സ്വാധീനമാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്.
സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവുമെല്ലാം ഇതിൽ കണക്കിലെടുക്കുന്നുണ്ട്.
സാമ്പത്തികരംഗത്ത് 2018ന് ശേഷം ചൈനയുടെ സ്വാധീനത്തിൽ ശക്തമായ വർദ്ധനവുണ്ടായിരുന്നു. എന്നാൽ കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും, മറ്റു രാജ്യങ്ങളുമായുള്ള ബന്ധം കുറഞ്ഞതും ഇത് മോശമാക്കി.
COVID-19 lockdowns impacted China's power and dominance in Asia in 2022. Source: AAP / Costfoto/Sipa USA
മുമ്പെന്നത്തേക്കാളും സൈനിക സ്വാധീനം ചെലുത്തുന്ന രാജ്യമാണ് ഇപ്പോൾ ചൈന എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ നാലാമത്
അമേരിക്ക, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് ലോവി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നയതന്ത്രതലത്തിലാണ് ഇന്ത്യ ഏറ്റവുമധികം വളർച്ച കൈവരിച്ചത്.
ഏഷ്യയിൽ നയതന്ത്രസ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, ഇന്ത്യ ഒരു പടി മുന്നിലേക്ക് കയറി നാലിലെത്തി.
ഏഷ്യയിൽ സാംസ്കാരികമായ സ്വാധീനം ചെലുത്തുന്നതിലും ഇന്ത്യ നേട്ടമുണ്ടാക്കി എന്നാണ് റിപ്പോർട്ട് പറയുന്നത്.
എന്നാൽ, സാമ്പത്തിക സ്വാധീനവും, സൈനിക ശേഷിയും ഉൾപ്പെടെയുള്ള മറ്റെല്ലാ മേഖലകളിലും ഇന്ത്യ പിന്നോട്ടു പോയി എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സ്വന്തം വിഭവങ്ങൾക്കും ശക്തിക്കും അനുസൃതമായ സ്വാധീനം മേഖലയിൽ ചെലുത്താൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
നിരവധി വ്യാപാര കരാറുകളോട് ഇന്ത്യ മുഖം തിരിഞ്ഞുനിൽക്കുന്നതിനാൽ സാമ്പത്തിക സ്വാധീനവും കുറഞ്ഞു എന്നും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് മേൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന രാജ്യം ചൈനയാണ്.
ആഗോളതലത്തിൽ ചൈനയുമായാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം വ്യാപാരബന്ധമുള്ളത് എന്നതാണ് ഈ സ്വാധീനത്തിന് കാരണം.
ഇന്ത്യയ്ക്ക് മേൽ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ അമേരിക്ക രണ്ടാം സ്ഥാനത്തും, യൂറോപ്യൻ യൂണിയൻ മൂന്നാം സ്ഥാനത്തും, UAE നാലാം സ്ഥാനത്തും, സൗദി അറേബ്യ അഞ്ചാം സ്ഥാനത്തുമാണ്.
ഇന്ത്യക്ക് ഏറ്റവുമധികം സ്വാധീനമുള്ള രാജ്യങ്ങൾ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാൻമർ എന്നിവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഭാവിയിലേക്കുള്ള വിഭവങ്ങൾ കണക്കിലെടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും ലോവി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
ആറാമത് ഓസ്ട്രേലിയ
ഇന്ത്യയ്ക്കും, റഷ്യയ്ക്കും പിന്നിൽ ആറാമതായാണ് പട്ടികയിൽ ഓസ്ട്രേലിയയുടെ സ്ഥാനം.
നയതന്ത്രതലത്തിലെ സ്വാധീനമാണ് ഓസ്ട്രേലിയയും പ്രധാനമായും വർദ്ധിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്ക് ഉള്ള വിഭവങ്ങളെക്കാൾ കൂടുതൽ സ്വാധീനം മേഖലയിൽ ചെലുത്താൻ കഴിയുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ഓസ്ട്രേലിയയെയും ഏറ്റവുമധികം സ്വാധീനിക്കുന്ന രാജ്യം ചൈനയാണ്.