ഓസ്ട്രേലിയയിലേക്ക് ചില ഭക്ഷണവസ്തുക്കൾ കൊണ്ടുവന്നാൽ പോക്കറ്റ് കാലിയാകാം: പിഴ കുത്തനെ കൂട്ടി...

ഓസ്ട്രേലിയൻ ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലെ ഭക്ഷണവസ്തുക്കൾ കൊണ്ടുവരുന്നവർക്ക് നൽകാവുന്ന പിഴശിക്ഷ കുത്തനെ കൂട്ടി. വിമാനത്താവളത്തിൽ വച്ച് 4,400 ഡോളർ വരെ ഉടനടി പിഴശിക്ഷ നൽകാവുന്ന തരത്തിലാണ് പുതിയ നിയമം പാസാക്കിയത്.

Passengers with suitcases walk through a food court at Melbourne airport.

Fines of more than $260,000 for biosecurity breaches as tougher laws introduced Credit: SOPA Image

ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുമ്പോൾ ഭക്ഷണമോ, ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങളോ കൈയിൽ കരുതുന്നുണ്ടോ?
ഇതിൽ പലതും ഇവിടേക്ക് വസ്തുക്കളാകാൻ സാധ്യതയുണ്ട്.

എന്തൊക്കെ കൈവശമുണ്ടെന്ന് വിമാനത്താവളത്തിൽ വെളിപ്പെടുത്തിയില്ലെങ്കിൽ ഇടാക്കാവുന്ന പിഴയുടെ കാഠിന്യം കുത്തനെ കൂട്ടിക്കൊണ്ടാണ് ഫെഡറൽ സർക്കാർ പുതിയ നിയമം പാസാക്കിയത്.

ഓസ്ട്രേലിയൻ ജൈവസുരക്ഷാ നിയമത്തിലെ ഭേദഗതി ബില്ലിലെ ഭേദഗതി പാർലമെന്റിൽ കഴിഞ്ഞയാഴ്ചയാണ് പാസായത്.

ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭക്ഷണവസ്തുക്കൾ ബോധപൂർവം ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് 4,400 ഡോളർ വരെ ഉടനടി പിഴശിക്ഷ നൽകാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയോളമാക്കിയാണ് ഇപ്പോൾ പിഴശിക്ഷ വർദ്ധിപ്പിച്ചത്.
കേസ് കോടതിയിലേക്ക് എത്തുകയാണെങ്കിൽ 2,66,400 ഡോളർ വരെ പിഴയായി ഈടാക്കാൻ കഴിയും. ഈ പിഴയും കുത്തനെ കൂട്ടിയിരിക്കുകയാണ്.

പാക്കറ്റുകളിൽ തെറ്റായ ലേബൽ പതിപ്പിച്ച് ഭക്ഷണവസ്തുക്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കും, പെട്ടിയിൽ രഹസ്യ അറയുണ്ടാക്കി കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുമെല്ലാം ഉയർന്ന പിഴശിക്ഷ നൽകുമെന്ന് കൃഷിമന്ത്രി മറേ വാട്ട് പറഞ്ഞു.

MURRAY WATT PRESS CLUB
Senator Murray Watt said the new legislation was in response to a number of recent "disturbing" incidents of people attempting to bring food into the country illegally. Source: AAP / MICK TSIKAS

പലരും ബാഗിനുള്ളിലെ സാധനങ്ങൾ കൃത്യമായി ഡിക്ലയർ ചെയ്യാൻ മറന്നുപോകാറുണ്ടെങ്കിലും, ബോധപൂർവം അത് മറച്ചുവയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അത് തടയുന്നതിനു വേണ്ടിയാണ് ഉയർന്ന പിഴശിക്ഷ കൊണ്ടുവന്നിരിക്കുന്നത്.
ഒക്ടോബറിൽ പെർത്തിലേക്ക് ആറു കിലോഗ്രാം മാംസവുമായി എത്തിയ ഒരാളുടെ വിസ റദ്ദാക്കി തിരിച്ചയയ്ക്കുകയും, 2,700 ഡോളർ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ ശിക്ഷ അപര്യാപ്തമാണെന്ന് വ്യാപകമായി വാദമുയർന്നിരുന്നു.

എന്തൊക്കെ കൊണ്ടുവന്നാൽ കുടുങ്ങും?

ഓസ്ട്രേലിയയിലേക്ക് എന്തൊക്കെ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാം എന്ന കാര്യം കൃഷിവകുപ്പിന്റെ വെബ്സൈറ്റിൽ വിശദമായി വ്യക്തമാക്കുന്നുണ്ട്.

നിസാരമെന്നോ, നിരുപദ്രവകരമെന്നോ നിങ്ങൾ കരുതുന്ന പലതും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടാകും.

ഉദാഹരണത്തിന്, വാണിജ്യാടിസ്ഥാനത്തിൽ സംസ്കരിച്ച് പാക്കറ്റിലാക്കിയതല്ലെങ്കിൽ അരിയോ, ഗോതമ്പോ, വറ്റൽമുളകോ, മല്ലിയോ ഒന്നും ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ല.

മത്സ്യവും മാംസവും ഒക്കെ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ നിയന്ത്രണങ്ങൾ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
യാത്രയ്ക്കായി സാധനങ്ങൾ പാക്ക് ചെയ്യും മുമ്പ് കൃഷിവകുപ്പിന്റെ വെബ്സൈറ്റിലെ പട്ടികയും, നിർദ്ദേശങ്ങളും നോക്കി ഉറപ്പാക്കുന്നതാണ് ഏറ്റവും ഉചിതം.

ഓസ്ട്രേലിയയിലേക്ക് എന്തൊക്കെ കൊണ്ടുവരാം എന്നുള്ളതിന്റെ നിലവിലെ പട്ടിക

യാത്ര ചെയ്യുമ്പോൾ...

ബാഗിലുള്ള വസ്തുക്കൾ എന്തൊക്കെ എന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഏതെങ്കിലും വസ്തുക്കൾ അനുവദനീയമല്ല എന്ന് ചെറിയ സംശയമെങ്കിലും ഉണ്ടെങ്കിൽ അത് ഡിക്ലയർ ചെയ്യുന്നതാണ് നല്ലത് എന്നാണ് ബോർഡർ ഫോഴ്സും കൃഷിവകുപ്പും നിർദ്ദേശിക്കുന്നത്.

ഡിക്ലയർ ചെയ്യാതിരിക്കുന്നതും തെറ്റായ വിവരം നൽകുന്നതിന് തുല്യമായ കുറ്റമായാണ് കണക്കാക്കുന്നത്.

പുതുക്കിയ പിഴശിക്ഷയ്ക്കൊപ്പം, പത്തു വർഷം വരെ ജയിൽശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

താൽക്കാലിക വിസകളിലുള്ളവരാണെങ്കിൽ, ഉടൻ തന്നെ വിസ റദ്ദാക്കാനും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് അധികാരുമുണ്ട്.

Share
Published 5 December 2022 1:04pm
By Deeju Sivadas
Source: SBS

Share this with family and friends