2021ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ഓസ്‌ട്രേലിയയില്‍ 78, 738 മലയാളികളാണുള്ളത്.
ഇതില്‍ 55,192 പേരാണ് വിവിധ ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നതായി സെന്‍സസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതായത്, ആകെ മലയാളികളില്‍ 70.09 ശതമാനമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍.
36,000ഓളം പേരായിരുന്നു 2016ലെ സെന്‍സസില്‍ ക്രിസ്ത്യാനികള്‍ എന്ന് രേഖപ്പെടുത്തിയത്.
2016ലെ സെന്‍സസില്‍ ആകെ മലയാളികളുടെ 75 ശതമാനമായിരുന്നു ക്രിസ്ത്യന്‍ വിശ്വാസികള്‍. ഇതാണ് 70 ശതമാനമായി കുറഞ്ഞിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കിടയിലെ രണ്ടാമത്തെ വലിയ മതവിഭാഗം ഹിന്ദുക്കളാണ്.
17,772 പേരാണ് ഹിന്ദുമതം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സെന്‍സസില്‍ 11,687 പേരായിരുന്നു ഹിന്ദുക്കള്‍.
2016ല്‍ ഓസ്‌ട്രേലിയന്‍ മലയാളികളിലെ 22 ശതമാനമാണ് ഹിന്ദുക്കളെങ്കില്‍, ഇപ്പോള്‍ അത് 22.6 ശതമാനമായി.
ഇസ്ലാം മതവിശ്വാസികളായ 2,033 മലയാളികളാണ് ഓസ്‌ട്രേലിയയിലുള്ളത്. 1,119ല്‍ നിന്നാണ് അഞ്ചു വര്‍ഷം കൊണ്ട് മുസ്ലിങ്ങളുടെ എണ്ണം ഇത്രയും കൂടിയത്. മലയാളി ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ 2.1 ശതമാനമുണ്ടായിരുന്നത് 2.6 ശതമാനമായാണ് കൂടിത്.
എന്നാല്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് മതമില്ലാത്തവരിലാണ്.
2,267 ഓസ്‌ട്രേലിയന്‍ മലയാളികള്‍ മതമില്ലാത്തവരാണ്.
2016ല്‍ 729 മലയാളികള്‍ മാത്രമാണ് മതമില്ല എന്ന് രേഖപ്പെടുത്തിയിരുന്നത്. അായത്, മൂന്നിരട്ടിയിലേറെ വര്‍ദ്ധനവാണ് മതമില്ലാത്തവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
മാത്രമല്ല, കഴിഞ്ഞ സെന്‍സസില്‍ ആകെ മലയാളികളുടെ 1.4 ശതമാനം മാത്രമായിരുന്നു മതമില്ലാത്തവരെങ്കില്‍, ഇത്തവണ അത് 2.9 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.
ക്രിസ്ത്യാനികളില്‍ മുന്നില്‍ കത്തോലിക്കര്‍
ക്രിസ്ത്യന്‍ മതവിശ്വാസികളായ ഓസട്രേലിയന്‍ മലയാളികളില്‍ ഭൂരിഭാഗവും കത്തോലിക്കാ വിശ്വാസികളാണ്.
38,288 പേരാണ് കത്തോലിക്ക മതം സെന്‍സസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കിഴക്കന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളായ 7,335 പേരും, പെന്തക്കോസ്ത് വിശ്വാസികളായ 2,796 പേരുമുണ്ട്.
ഏത ക്രിസ്ത്യന്‍ വിശ്വാസം എന്ന് രേഖപ്പെടുത്താത്ത 3,943 പേരാണ് ഉള്ളത്.
മലയാളി എന്ന് രേഖപ്പെടുത്തിയവര്‍ക്കിടയില്‍ ബുദ്ധമതവിശ്വാസികളായ 13 പേരും, ജൂത വിശ്വാസികളായ എട്ടു പേരുമുണ്ട്.
മലയാളികള്‍ രേഖപ്പെടുത്തിയിരിക്കുന്ന മതവിശ്വാസം ഇങ്ങനെയാണ്.
ഓസ്‌ട്രേലയന്‍ മലയാളികളുടെ ഘടനയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ എസ് ബി എസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അത് വായിക്കാനായി എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാം. അല്ലെങ്കില്‍ ഓഡിയോ റിപ്പോര്‍ട്ട് കേള്‍ക്കാന്‍ എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് പിന്തുടരുക.