അറിയേണ്ട കാര്യങ്ങൾ
- 18 വയസിനു മുകളിൽ പ്രായമുള്ള ഓസ്ട്രേലിയൻ പൗരൻമാരാണ് വോട്ടു ചെയ്യേണ്ടത്
- ഓൺലൈനായോ, പേപ്പർ ഫോം ഉപയോഗിച്ചോ പേരു ചേർക്കാം
- ഓസ്ട്രേലിയൻ തെരഞ്ഞെുപ്പ് കമ്മീഷന്റെ (AEC) വെബ്സൈറ്റിൽ വിവിധ ഭാഷകളിലും ലളിതമായ ഇംഗ്ലീഷിലും വിശദാംശങ്ങളുണ്ട്
ഓസ്ട്രേലിയയുടെ ഭാഗധേയവും ഭാവിയും നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കാനുള്ള അവസരമാണ് പാർലമെന്റ് തെരഞ്ഞെടുപ്പ്.
ആർക്കാണ് വോട്ടവകാശം?
ഓസ്ട്രേലിയയിൽ നിർബന്ധിത വോട്ടിംഗാണ്. 18 വയസു പൂർത്തിയായ ഓസ്ട്രേലിയൻ പൗരൻമാർക്കാണ് വോട്ടവകാശമുള്ളത്.
എന്നാൽ വോട്ടു ചെയ്യണമെങ്കിൽ വോട്ടർപട്ടികയിൽ പേരു ചേർക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഇവാൻ എകിൻ-സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.
നാലു ലക്ഷത്തോളം പുതിയ ഓസ്ട്രേലിയൻ പൗരൻമാർ ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി പേരു ചേർത്തിട്ടുണ്ടെന്നും കമ്മീഷൻ പറയുന്നു.
Voting Centre Source: AEC
എപ്പോഴാണ് പേരു ചേർക്കേണ്ടത്?
പുതുതായി ഓസ്ട്രേലിയൻ പൗരത്വമെടുക്കുന്നവർ എത്രയും വേഗം വോട്ടർപട്ടികയിൽ പേരു ചേർക്കണം എന്നാണ് നിർദ്ദേശമെന്ന് ഫെഡറേഷൻ ഓഫ് എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽസ് ഓഫ് ഓസ്ട്രേലിയയുടെ CEO മുഹമ്മദ് അൽ-ഖഫാജി പറയുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഒരാഴ്ച കൂടിയാകും പൊതുവിൽ എൻറോൾ ചെയ്യാൻ അവസരം ലഭിക്കുക.
നേരത്തേ പട്ടികയിൽ പേരു ചേർത്തവർക്ക് വിവരങ്ങൾ പുതുക്കാനും ഇതേ സമയം ലഭിക്കും.
എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ അതിനായി കാത്തിരിക്കേണ്ടതില്ലെന്നും എകിൻ-സ്മിത്ത് ചൂണ്ടിക്കാട്ടി.
“നിങ്ങൾക്ക് ഇപ്പോൾ പേരു ചേർക്കാം” -അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് എങ്ങനെ?
ഓൺലൈൻ ഫോം ഉപയോഗിച്ച് അനായാസം പേരു ചേർക്കാം. സ്മാർട്ട് ഫോണിൽ നിന്ന് ഇത് ചെയ്യാവുന്നതാണ്.
പേപ്പർ ഫോം ആവശ്യമാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് അത് ലഭിക്കും. 13 23 26 എന്ന നമ്പരിൽ വളിച്ചാൽ തപാലിൽ അയച്ചു തരും.
എൻറോൾ ചെയ്യാൻ പാസ്പോർട്ടോ, ലൈസൻസോ, പൗരത്വ സർട്ടിഫിക്കറ്റോ പോലുള്ള തിരിച്ചറിയൽ രേഖ കൈയിൽ വേണം.
നിങ്ങളുടെ കൈവശം ഇതൊന്നുമില്ലെങ്കിൽ, ഇത്തരം രേഖ ലഭിക്കുന്നതിനായി മുൻകൂട്ടി അപേക്ഷ നൽകണം.
പല സംസ്ഥാനത്തും വ്യത്യസ്ത സമയമാണ് തിരിച്ചറിയൽ രേഖ ലഭിക്കാൻ വേണ്ടിവരുന്നത്. ചിലപ്പോൾ നാലാഴ്ച വരെ ഇതിന് സമയമെടുക്കാം.
Source: AEC
ഓരോ തെരഞ്ഞെടുപ്പിലും പേരു ചേർക്കണമോ?
ഒരിക്കൽ വോട്ടർപ്പട്ടികയിൽ പേരു ചേർത്താൽ, പിന്നീടുള്ള ഫെഡറൽ, സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടു ചെയ്യാം.
അതുകൊണ്ടുതന്നെ നിങ്ങളുടെ വിലാസവും മറ്റു വിശദാംശങ്ങളും ശരിയാണ് എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
“നിങ്ങൾ വീടു മാറിയതായി വിവരം ലഭിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ പുതുക്കാൻ നിർദ്ദേശിച്ച് കത്തയക്കും” – എകിൻ-സ്മിത്ത് പറഞ്ഞു.
“എന്നാൽ വീടോ പേരോ മാറുമ്പോൾ അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾ ഓർക്കണം.”
വിവരങ്ങൾ പുതുക്കാനും aec.gov.au സന്ദർശിക്കാം.
Source: AEC
പേരു ചേർക്കാനുള്ള സഹായം
ഭാഷാപരമായോ അല്ലാതെയോ വെല്ലുവിളിയുള്ള പുതിയ വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും, കമ്മ്യൂണിറ്റി സപ്പോർട്ട സേവനദാതാക്കളും സഹായം നൽകുന്നുണ്ട്.
വോട്ടിംഗ് നിലവിലില്ലാത്ത രാജ്യങ്ങളിൽ നിന്നും, അത് നിരുത്സാഹപ്പെടുത്തുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവരുമുണ്ട് എന്നത് ഓർക്കണം – അൽ-ഖഫാജി ചൂണ്ടിക്കാട്ടി.
“അവർക്ക് വോട്ടു ചെയ്യുക എന്നത് മാനസികമായി പ്രയാസമുണ്ടാക്കുന്ന കാര്യമാകും. അവരുടെ വോട്ട് കണക്കിലെടുക്കുമെന്നും, അതിന്റെ പേരിൽ അവർക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നുമുള്ള ആത്മവിശ്വാസം അത്തരം ആളുകൾക്ക് പകർന്നു നൽകേണ്ടിവരും.”
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് ടെലിഫോണിലൂടെയുള്ള പരിഭാഷകരുടെ സേവനവും ലഭിക്കും.
ലളിതമായി ഇംഗ്ലീഷിലുള്ള വിശദാംശങ്ങളും ഈ വെബ്സൈറ്റിലുണ്ട്.
പേരു ചേർത്തുകഴിഞ്ഞാൽ?
ഓസ്ട്രേലിയയിൽ വോട്ടു ചെയ്തില്ലെങ്കിൽ പിഴ ലഭിക്കാം. വോട്ടിംഗ് നിർബന്ധമായ രാജ്യമാണ് ഓസ്ട്രേലിയ
പിഴ ലഭിക്കും എന്നത് മാത്രമല്ല, നാളത്തെ ഓസ്ട്രേലിയ എങ്ങനെയാകണം എന്ന് നിർണ്ണയിക്കുന്നതിന്റെ ഭാഗമാകാനുള്ള അവസരം കൂടിയാണ് വോട്ടു ചെയ്തില്ലെങ്കിൽ നഷ്ടമാകുന്നത്.
2022ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നു എന്നുറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് () സന്ദർശിക്കുക.