കൊവിഡ് ബാധ രൂക്ഷമായതോടെ 2020 മാർച്ചിലാണ് ഇന്ത്യയിൽ വിമാനയാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഷെഡ്യൂൾഡ് വാണിജ്യ വിമാനസർവീസുകൾക്ക് അന്നുമുതൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിച്ചിട്ടില്ലെങ്കിലും, രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ നിലവിൽ വന്നു.
ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി നിന്നുള്ള യാത്രക്കാർക്ക് ഇനി മുതൽ PCR പരിശോധന നിർബന്ധമല്ല എന്നതാണ് ഏറ്റവും പ്രധാന മാറ്റം.
യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിലെ PCR നെഗറ്റീവ് പരിശോധനാ ഫലം കാണിക്കണം എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതാണ് പിൻവലിച്ചിരിക്കുന്നത്.
ഇതിനു പകരം, പൂർണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.
ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിലുള്ള മാർഗ്ഗങ്ങൾ അറിയാം..
LISTEN TO
ചിലവേറുന്ന കേരള യാത്ര: നിലവിൽ ലഭ്യമായ വിമാന യാത്രാ മാർഗ്ഗങ്ങൾ അറിയാം
SBS Malayalam
04/02/202214:17
ഇന്ത്യയിലെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന രാജ്യങ്ങളുമായി പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ഇളവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടൊപ്പം, എയർ സുവിധ പോർട്ടലിൽ ഒരു ഡിക്ലറേഷനും സമർപ്പിക്കണം. സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ സത്യമാണ് എന്ന ഉറപ്പും, 14 ദിവസങ്ങളിൽ സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങളുടെ വിശദാംശങ്ങളും ഉൾപ്പെടെയാണ് ഇത്.
ഡിക്ലറേഷനിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ ക്രിമിനൽ നടപടികൾ നേരിടുമെന്നും ഇന്ത്യൻ സർക്കാർ അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന ഉറപ്പും എയർ സുവിധ പോർട്ടലിലോ, വിമാനസർവീസ് വഴിയോ നൽകണം.
വിദേശത്തു നിന്നെത്തുന്നവർക്ക് ഇനി 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഏഴു ദിവസത്തെ ഹോം ക്വാറന്റൈന് പകരമാണ് ഈ മാറ്റം.
സ്വയം നിരീക്ഷണത്തിലുള്ള 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ ഐസൊലേറ്റ് ചെയ്യുകയും, ആരോഗ്യവകുപ്പിനെ ബന്ധപ്പെടുകയും വേണമെന്നും നിബന്ധനയുണ്ട്.
യാത്ര പുറപ്പെടും മുമ്പ് വിമാനക്കമ്പനികൾ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്നാണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഇന്ത്യയിലെത്തുമ്പോഴും താപനില പരിശോധനയും, രണ്ടു ശതമാനം യാത്രക്കാർക്ക് കൊവിഡ് പരിശോധനയും നടത്തും.