രാജ്യത്തെ മിനിമം വേതനത്തിൽ ജൂലൈ 1 മുതൽ മണിക്കൂറിന് 1.05 ഡോളറിൻറെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മിനിമം വേതനം, നിലവിലുള്ള 20.33 ഡോളറിൽ നിന്ന് 21.38 ഡോളറായി വർദ്ധിക്കും.
കുതിച്ചുയർന്ന പണപ്പെരുപ്പം റെക്കോർഡ് നിരക്കിലെത്തിയതോടെ ശമ്പള വർദ്ധനവെന്ന ആവശ്യം ശക്തമായിരുന്നു. പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി മിനിമം വേതനത്തിൽ 5.1 ശതമാനത്തിൻറെ വർദ്ധനവ് വേണമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി ആവശ്യപ്പെട്ടിരുന്നു.
5.2 ശതമാനത്തിൻറ വർദ്ധനവാണ് മിനിമം വേതനത്തിൽ ഉണ്ടായിരിക്കുന്നത്.
അതായത്, സർക്കാർ ശുപാർശ ചെയ്തതിനെക്കാൾ കൂടൂതൽ വർദ്ധനവാണ് ഫെയർ വർക്ക് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
മിനിമം വേതനം അഥവാ ഏറ്റവും കുറഞ്ഞ ശമ്പള നിരക്കില് ജോലി ചെയ്യുന്നവർക്കാണ് 5.2ശതമാനത്തിൻറെ വർദ്ധനവ് ബാധകമാകുക. മോഡേൺ അവാർഡുകളുടെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനത്തിൽ കുറഞ്ഞത് 4.6 ശതമാനത്തിൻറ വർദ്ധനവാണ് ഉണ്ടാകുന്നത്. അതായത് ആഴ്ചയിൽ കുറഞ്ഞത് 40 ഡോളർ.
പുതുക്കിയ നിരക്ക് രാജ്യത്തെ 27ലക്ഷത്തിലധികം തൊഴിലാളികൾക്കും, എന്റർപ്രൈസ് കരാറുകളിലുള്ള മറ്റ് ജീവനക്കാർക്കും ലഭ്യമാകുമെന്ന് ഫെയർ വർക്ക് കമ്മീഷൻ ചൂണ്ടിക്കാട്ടി.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും, കുതിച്ചുയർന്ന പണപ്പെരുപ്പവും മിനിമം വേതനം വർദ്ധിപ്പിക്കാൻ കാരണമായെന്നും ഫെയർ വർക്ക് കമ്മീഷൻ പ്രസിഡൻറ് ലെയ്ൻ റോസ് പറഞ്ഞു.
പണപ്പെരുപ്പം തൊഴിലാളികളുടെ വേതനത്തിൻറെ യഥാർത്ഥ മൂല്യം ഇല്ലാതാക്കുകയും, ജീവിത നിലവാരം കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഫെയർ വർക്ക് കമ്മീഷൻ നിരീക്ഷിച്ചു.
ഫെയർ വർക്ക് കമ്മീഷൻറെ തീരുമാനത്തെ വിവിധ യൂണിയനുകൾ സ്വാഗതം ചെയ്തു. കമ്മീഷൻറെ തീരുമാനം ന്യായവും, ഉചിതവുമാണെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ മേധാവി സാലി മക്മനസ് പറഞ്ഞു.
കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്ക്, ജീവിത ചിലവിനെ അതിജീവിക്കാൻ അവസരമൊരുക്കുന്നതാണ് തീരുമാനമെന്നും സാലി മക്മനസ് ചൂണ്ടിക്കാട്ടി.
അതേ സമയം കമ്മീഷൻ തീരുമാനം വ്യവസായ മേഖലയിൽ അനുകൂല പ്രതികരണം ഉളവാക്കിയിട്ടില്ല. ശമ്പള വർദ്ധനവ് 2.5 ശതമാനമായി പരിമിതപ്പെടുത്തണമെന്നായിരുന്നു ഓസ്‌ട്രേലിയൻ ഇൻഡസ്ട്രി ഗ്രൂപ്പിൻറെ വാദം.